രക്തസാക്ഷികളായ ബെറാര്‍ഡും കൂട്ടാളികളും

ജനുവരി 16

ഫ്രാന്‍സിസ്‌കന്‍ സഭയിലെ ആദ്യ രക്തസാക്ഷിയായിരുന്നു ബെറാര്‍ഡ്. ഇറ്റലിയിലെ കുലീന കുടുംബത്തില്‍ ജനിച്ച ഈ വിശുദ്ധനെ സന്യാസിയാക്കുന്നത് പുണ്യവാനായ ഫ്രാന്‍സീസ് അസീസിയാണ് (ഒക്ടബോര്‍ നാലിലെ വിശുദ്ധന്‍). 1213ല്‍ ബെറാര്‍ഡ് സന്യാസം സ്വീകരിച്ചു. മികച്ച പ്രാസംഗികനായിരുന്നു അദ്ദേഹം. ഏവര്‍ക്കും മാതൃകയാക്കാവുന്ന ജീവിതത്തിന്റെ ഉടമ. വി. ഫ്രാന്‍സീസ് അസീസി ഈ വിശുദ്ധി തിരിച്ചറിഞ്ഞു. അദ്ദേഹം ബെറാര്‍ഡിനെയും പീറ്റര്‍, ഒട്ടോ, അക്വേര്‍സിയസ്, അജൂറ്റസ് എന്നീ സന്യാസികളെയും കൂടി മൊറോക്കോയിലേക്ക് അയച്ചു. അവിടെ മുസ്‌ലിം വിശ്വാസികള്‍ക്കിടയില്‍ ക്രൈസ്തവ മതത്തെപ്പറ്റി സംസാരിക്കുവാനായിരുന്നു ചുമതലപ്പെടുത്തിയിരുന്നത്. ബെറാര്‍ഡ് അറബിക് ഭാഷയില്‍ നല്ല പരിജ്ഞാനമുണ്ടായിരുന്നു. മൊറോക്കോയിലെത്തിയപാടെ പൊതുസ്ഥലത്ത്ച്ച ഒരു ചന്തയില്‍, രക്തസാക്ഷികളായ ബെറാര്‍ഡും കൂട്ടാളികളും സുവിശേഷം പ്രസംഗിക്കുവാന്‍ തുടങ്ങി. അപ്പോള്‍തന്നെ പടയാളികള്‍ അവരെ അറസ്റ്റ് ചെയ്തു. പ്രസംഗം നിര്‍ത്താന്‍ ആവശ്യപ്പെട്ടുവെങ്കിലും അവര്‍ അതു തുടര്‍ന്നുകൊണ്ടിരുന്നു. മര്‍ദനം ആരംഭിച്ചു. യേശുവിനെ തള്ളിപ്പറയുവാന്‍ ആവശ്യപ്പെട്ടുവെങ്കിലും ആരും അതിനു തയാറായില്ല. വേദനകൊണ്ടു പുളയുമ്പോഴും ദൈവനാമം വിളിച്ചു പറഞ്ഞുകൊണ്ട് അവര്‍ ഉറക്കെ പ്രാര്‍ഥിച്ചു. ക്ഷുഭിതനായ സുല്‍ത്താന്‍ വാളൂരിയെടുത്ത് അഞ്ചു മിഷനറികളെയും കഴുത്തറത്തു കൊല്ലപ്പെടുത്തി. ബെറാര്‍ഡിന്റെയും കൂട്ടരുടെയും ഭൗതികാ വശിഷ്ടങ്ങള്‍ പോര്‍ചുഗലിലേക്ക് കൊണ്ടുവന്നു. ഈ വിശുദ്ധരുടെ മൃതദേഹം കണ്ട ഒരു ബാലന്‍ അപ്പോള്‍ തന്നെ ഫ്രാന്‍സിസ്‌കന്‍ സഭയില്‍ ചേരുകയും പിന്നീട് മൊറോക്കോയില്‍ സുവിശേഷ പ്രവര്‍ത്തനം നടത്തുകയും ചെയ്തു. അദ്ദേഹമാണ് പാദുവായിലെ വിശുദ്ധ ആന്റണി.

Leave a Reply

Your email address will not be published. Required fields are marked *