വി. പീറ്റര്‍ ഒര്‍സിയെലോ

ജനുവരി 10

കുടുംബമഹിമയും പ്രൗഡിയും സമ്പത്തും ഏറെയുള്ള വെനിസീലെ ഒരു പ്രഭുകുടുംബത്തിലാണ് വി. പീറ്റര്‍ ഒര്‍സിയെലോ ജനിച്ചത്. പതി നെട്ടാം വയസില്‍ അദ്ദേഹം ഫെലിസിത്ത എന്ന യുവതിയെ വിവാഹം കഴിച്ചു. അവര്‍ക്ക് ഒരു മകനുമുണ്ടായി. 976 ല്‍ വെനീസില്‍ ഒരു വലിയ തീപിടിത്തമുണ്ടായി. കലാപം പൊട്ടിപ്പുറപ്പെട്ടു. വെനീ സിന്റെ ‘ഡൊഗെ’ (മജിസ്‌ട്രേറ്റ് പദവിയും നേതൃത്വവും വഹിച്ചിരുന്ന വ്യക്തി) കലാപത്തില്‍ കൊല്ലപ്പെട്ടപ്പോള്‍ പീറ്റര്‍ ഒര്‍സിയെലോ ആ പദവിയില്‍ നിയമിക്കപ്പെട്ടു. വളരെ ചുരുങ്ങിയ നാളുകള്‍ കൊണ്ട് അദ്ദേഹം വെനിസിനെ പഴയ അവസ്ഥയിലേക്ക് തിരികെകൊണ്ടുവന്നു. വി. മര്‍ക്കോസിന്റെ നാമത്തിലുള്ള ദേവാലയം പുനര്‍നിര്‍മിച്ചു. നിരവധി പുതിയ ആശുപത്രികളും അനാഥാലയങ്ങളും സ്ഥാപിച്ചു. വിധവകളെയും അനാഥരെയും തീര്‍ഥാടകരെയും സഹായിക്കു വാന്‍ അദ്ദേഹം ഓടിനടന്നു. വെനീസിന്റെ എക്കാലത്തെയും മികച്ച ഭരണാധികാരികളിലൊരാളായി പീറ്റര്‍ ഒര്‍സിയെലോ വളരെ വേഗം അംഗീകരിക്കപ്പെട്ടു. രണ്ടു വര്‍ഷം കഴിഞ്ഞു. താന്‍ ചെയ്യേണ്ട കടമകളെല്ലാം ചെയ്തു കഴിഞ്ഞുവെന്ന് അദ്ദേഹത്തിനു തോന്നിത്തുടങ്ങി. ഒരു ദിവസം രാത്രിയില്‍ ഭാര്യയോടു പോലും പറയാതെ അദ്ദേഹം വെനീസ് വിട്ട് ഫ്രാന്‍സിന്റെ അതിര്‍ത്തി യിലുള്ള ഒരു ബെനഡിക്ടന്‍ ആശ്രമത്തിലേക്ക് പോയി. അവിടെ സന്യാസിയായി ജീവിച്ചു. അന്വേഷണങ്ങള്‍ക്കൊടുവില്‍ നാട്ടുകാരും വീട്ടുകാരും അദ്ദേഹത്തെ കണ്ടെത്തി. എന്നാല്‍, ദൈവിക ശുശ്രൂഷകനാകാനുള്ള മോഹത്തില്‍ നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. പീറ്ററിന്റെ വര്‍ഷങ്ങളായുള്ള മോഹം അറിവുള്ളതുകൊണ്ട് ഭാര്യ സമ്മതിച്ചു. പിന്നീ ടുള്ള വര്‍ഷങ്ങള്‍ പൂര്‍ണമായും ദൈവത്തിനു സമര്‍പ്പിച്ചാണ് പീറ്റര്‍ ജീവിച്ചത്. പ്രാര്‍ഥനയിലും ഉപവാസത്തിലും മരണം വരെ അദ്ദേഹം ജീവിച്ചു. 1731ല്‍ പോപ് ക്ലെമന്റ് പന്ത്രണ്ടാമന്‍ അദ്ദേഹത്തിന്റെ വിശുദ്ധിക്ക് ഔദ്യോഗികമായി അംഗീകാരം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *