വി.സേവേറിനസ്

ജനുവരി 8

തനിക്കുള്ളതെല്ലാം വിറ്റ് പാവങ്ങള്‍ക്കു കൊടുത്ത ശേഷം ഈജിപ്തി ലെ മരുഭൂമിയില്‍ പോയി സന്യാസജീവിതം നയിച്ച വിശുദ്ധനാണ് സേവേറിനസ്. സമ്പന്നമായ റോമന്‍ പ്രഭുകുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. പക്ഷേ, പണമോ പദവിയോ അദ്ദേഹത്തെ മോഹിപ്പിച്ചിരുന്നില്ല. ശാന്തനായിരുന്ന് ദൈവത്തോടു പ്രാര്‍ഥിക്കുവാനും ധ്യാനിക്കുവാനുമായിരുന്നു അദ്ദേഹത്തിനിഷ്ടം. പക്ഷേ, ഒരു ഘട്ടത്തില്‍ ജനങ്ങള്‍ക്കിടയിലേക്കിറങ്ങി സുവിശേഷ പ്രഘോഷകനായി മാറുവാനുള്ള വിളി അദ്ദേഹം സ്വീകരിച്ചു. ഇന്നത്തെ ഓസ്ട്രിയയുടെ ഭാഗമായ നൊറിസത്തിലായിരുന്നു അദ്ദേഹം സുവിശേഷപ്രവര്‍ത്തക നായി ജീവിച്ചത്. പിന്നീട്, വിയന്നയ്ക്കു സമീപമുള്ള ഒരാശ്രമത്തില്‍ സന്യാസജീവിതവും നയിച്ചു. യുദ്ധക്കെടുതികള്‍ അനുഭവിക്കുന്നവര്‍ക്കു തുണയേകുവാന്‍ സെവേറിനസ് നിരവധി അഭയാര്‍ഥി കേന്ദ്രങ്ങളും തുടങ്ങി. കെടുതികള്‍ അനുഭവിക്കുന്നവരെ സഹായിക്കുവാനായി ആശുപത്രികളും ദേവാലയങ്ങളും അദ്ദേഹം സ്ഥാപിച്ചു. യുദ്ധം നേരത്തെ സെവേറിയസ് പ്രവചിച്ചിരുന്നു. ഇത് അദ്ദേഹത്തിന്റെ ദൈവികതയുടെ തെളിവായി പലരും കണ്ടു. മഞ്ഞുകാലത്ത് ആഹാരവുമായി എത്തേണ്ട കപ്പലുകള്‍ വരാതിരുന്നതിനെ തുടര്‍ന്ന് കടുത്ത ക്ഷാമം നാട്ടില്‍ അനുഭവപ്പെട്ടു. മഞ്ഞുകട്ടകള്‍ മൂലമാണ് കപ്പലുകള്‍ക്ക് തീരത്തടുക്കാനാവാതെ വന്നത്. സെവേറിയസ് യേശുവിന്റെ നാമത്തില്‍ പ്രാര്‍ഥിച്ചപ്പോള്‍ മഞ്ഞുകട്ടകള്‍ തകരുകയും ആഹാരസാധനങ്ങളുമായി കപ്പലുകള്‍ തീരത്ത് എത്തുകയും ചെയ്തു. സെവേരിയസിന്റെ പ്രസംഗങ്ങള്‍ കേള്‍ക്കുവാന്‍ വന്‍ ജനാവലി തടിച്ചുകൂടുമായിരുന്നു. കടുത്ത മഞ്ഞിനെ അവഗണിച്ച് ഓസ്ട്രിയയിലും ബാവരിയായിലും അങ്ങോളമിങ്ങോളം നഗ്നപാദനായി സഞ്ചരിച്ച് സെവേറിയസ് സുവിശേഷപ്രസംഗങ്ങള്‍ നടത്തി. യാത്രയ്ക്കിടെ എവിടെയെങ്കിലും ഒരു ചാക്ക് വിരിച്ച് അതില്‍ കിടന്ന് അദ്ദേഹം ഉറങ്ങി. ദിവസം ഒരു തവണ മാത്രമായിരുന്നു അദ്ദേഹത്തിന്റെ ഭക്ഷണം. നോമ്പുകാലങ്ങളില്‍ അത് ദിവസങ്ങള്‍ കൂടുമ്പോള്‍ ഒരിക്കല്‍ എന്ന തോതിലായി. തന്റെ മരണദിവസവും അദ്ദേഹം മുന്‍കൂട്ടി പ്രവചിച്ചു. പ്രവചനം പോലെ മരണസമയത്ത് 150-ാം സങ്കീര്‍ത്തനം പാടി വി.സേവേറിനസ് മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *